Friday, 31 October 2014

പട്ടിക്കൂട് വിവാദം: ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്‌ ‌

കുട്ടിയെ പട്ടിക്കൂട്ടിലടച്ചുവെന്ന് ആക്ഷേപം ഉയര്‍ന്ന തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യമില്ലാതെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണം ഉന്നയിച്ച കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്‌കൂള്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. അംഗീകാരമില്ലെന്ന വാദം പരിഗണിച്ചാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിടുന്നതെന്നും ഇക്കാര്യത്തില്‍ ഡി.പി.ഐ. നല്‍കിയ നിര്‍ദേശം റദ്ദുചെയ്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് കോടതി പറഞ്ഞു.
സ്‌കൂള്‍ പൂട്ടാനുള്ള ഡി.പി.ഐയുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്‌റ്റേ ചെയ്തതിനെതുടര്‍ന്ന് ഇക്കഴിഞ്ഞ പതിനാറിന് സ്‌കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഡി.പി.ഐ.യുടെ ഉത്തരവിനെ ചോദ്യംചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയത്. സ്‌കൂള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും നടത്തിയ സമരത്തെ തുടര്‍ന്ന് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മുഖ്യമന്ത്രി ഡി.പി.ഐക്ക് നിര്‍ദേശം നല്‍കുകയിരുന്നു. സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ഡി.പി.ഐയോട് ജില്ലാഭരണകൂടവും ശുപാര്‍ശ ചെയ്തിരുന്നു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാന്‍ ഈ വര്‍ഷത്തേക്കാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് വിശദീകരിച്ചത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

No comments:

Post a Comment