വെള്ളൂർ:വനിതാ ഫുട്ബാളിൽ വെന്നിക്കൊടി നാട്ടിയ മേവെള്ളൂർ വനിതാ സ്പോർട്സ് അക്കാഡമിയിലെ താരങ്ങൾ ഫുട്സാലിലും വെന്നിക്കൊടി നാട്ടാൻ ഒരുങ്ങുന്നു. ഫുട്ബാളിൽ വനിതകൾക്ക് പരിശീലനം നൽകുന്ന ആദ്യത്തെ അക്കാഡമിയാണിത്. കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ഫുട്ബാളിന്റെ സഹോദരരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഫുട്സാൽ പരിശീലനത്തിലാണ് കോച്ച് ജോമോന്റെ നേതൃത്വത്തിൽ പെൺപട.
അക്കാഡമിയെ സായ്‌യുടെ എക്‌സ്റ്റൻഷൻ സെന്റർ ആക്കിയെങ്കിലും മേവെള്ളൂരിൽ പരിശീലനത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ അവധിക്കാലത്ത് കൊല്ലം സായ്‌യിലേക്ക് പരിശീലനം മാറ്റുകയായിരുന്നു. കൊല്ലം സായിയിലെ പരിശീലകൻ ഗോപാലകൃഷ്ണന്റെ കൂടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ടീമിന്റെ പരിശീലനം. 30 അംഗങ്ങളുള്ള അക്കാഡമിയിലെ 21 പേർ ഇപ്പോൾ കൊല്ലത്ത് പരിശീലനം നടത്തുന്നുണ്ട്. രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് പരിശീലനം. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി കേരളത്തിലാദ്യമായി വനിതാ ഫുട്സാൽ നടത്താനുള്ള ശ്രമത്തിലാണ് ജോമോൻ. ഫുട്ബാളിലും ഹോക്കിയിലും വിജയക്കൊടി നാട്ടിയശേഷമാണ് വെള്ളൂരിലെ താരങ്ങൾ ഫുട്‌സാലിലേക്ക് തിരിയുന്നത്. അക്കാഡമിയിലെ 19 താരങ്ങൾ വിവിധ വിഭാഗങ്ങളിലായി കേരള ഫുട്ബാൾ ടീമിൽ കളിച്ചു. അക്ഷര, അഞ്ജന എന്നീ താരങ്ങൾ പതിനാറ് വയസിൽ താഴെയുള്ളവരുടെ ഇന്ത്യൻ ഫുടാബാൾ ടീമിലും ഇടം നേടി. മൂന്ന് താരങ്ങൾ സംസ്ഥാന ഹോക്കി ടീമിലും ഇടം നേടി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിലെ കായികാദ്ധ്യാപകനായ ജോമോൻ ആറുവർഷംമുമ്പാണ് സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി അക്കാഡമി തുടങ്ങിയത്. ഇറുമ്പയം, മടത്തേടം എന്നീ കോളനികളിലെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. പലപ്പോഴും ബൂട്ട് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഇവിടത്തെ താരങ്ങൾ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഉയരങ്ങൾ കീഴടക്കി മുന്നേറുന്നത്.
ഫുട്സാൽ
ഒരു ഫുട്സാൽ ടീമിൽ അഞ്ചുപേരുണ്ടാകും. ത്രോ കാലുകൊണ്ടാണ് എടുക്കുന്നത്. നാല് സെക്കൻഡ് മാത്രമേ പന്ത് ഹോൾഡ് ചെയ്തുവയ്ക്കാൻ കഴിയൂ. ഓഫ് സൈഡില്ല. റഫറിയുടെ അനുമതിയില്ലാതെ തന്നെ സബ്സ്‌റ്റിറ്റ്യൂട്ടിറക്കാം.
Photo courtesy:newindianexpress daily
No comments:
Post a Comment